Thursday, November 4, 2010

ബാംഗ്ലൂരില്‍ നിന്നും വയനാട് വരെ-2

ഡാമുകളോട് പ്രത്യേകം പറയത്തക്ക വലീയ താത്പര്യമൊന്നുമില്ല,എങ്കിലും തിരിച്ച് ബാംഗ്ലൂരിലോട്ട് ചെന്നാ അമൃത മെസ്സിലെ പ്രേമേട്ടന്‍ ചോദിച്ചാല്‍ ഉത്തരം വേണമല്ലോ,എന്താ കര്യം എന്നു വച്ചാല്‍ പ്രസ്തുത കക്ഷി വയനാട്ടുകാ‍രനാണെന്നുള്ളതും,ഗൂഗിള്‍ മാപ്പിനെ കൂടാതെ ആളോടും വയനാടിനെ കുറിച്ച് ചോദിച്ചിരുന്നു എന്നത് തന്നെ.
അങ്ങനെ രണ്ടാം ദിവസം രാവിലെ 8 മണിയായപ്പോഴേക്കും ഞങ്ങള്‍ യാത്രയ്ക്ക് തയ്യാറായിരുന്നു. തീരുമാനിച്ച പ്രകാരം ആദ്യം കാരാപ്പുഴ ഡാം കാണുക എന്നുള്ളതാണ്, അവിടുന്ന് സൂചിപ്പാറ വെള്ളച്ചാട്ടം അതുകഴിഞ്ഞ് പുക്കോട് തടാകം സമയമുണ്ടെങ്കില്‍ അസ്തമയം താമരശ്ശേരി ചുരത്തിന്റെ മുകളിലും. വയനാട് ടൌണില്‍ നിന്നും ഒരു മണിക്കൂര്‍ യാത്ര ചെയ്താള്‍ കാരാപ്പുഴ ഡാമില്‍ എത്താം,ബൈക്ക് പാര്‍ക്ക് ചെയ്തു,നല്ല വെയില്‍ ഉണ്ടായിരുന്നതിനാല്‍ ഹെല്‍മെറ്റഴിക്കാതെ തന്നെയാണ് ഡാമിലേക്ക് നടന്നത് കുറച്ച് സ്കൂള്‍ കുട്ടികള്‍ക്ക് അതൊരു കൌതുകമായ്. എന്തായാലും പറയത്തക്ക സംഭവങ്ങള്‍ ഒന്നും തന്നെയില്ല.കുറച്ച് മാറി ഒരു കമിതാക്കള്‍ അവരെക്കൊണ്ട് പറ്റുന്ന രീതിയില്‍ പ്രണയിക്കുന്നുണ്ട്.രാവിലെയായതിനാലായിരിക്കണം സദാചാര കമ്മിറ്റികള്‍ ജോലിക്ക് കയറിയിട്ടില്ല അവര്‍ വരുന്നതു വരെ ഇവര്‍ സുരക്ഷിതരാ‍ണ്,അവരെ ശല്യം ചെയ്യാതെ ഞങ്ങള്‍ ഞങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് പുറപ്പെട്ടു.കാരാപ്പുഴയില്‍ നിന്നും ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സൂചിപ്പാറയിലേക്ക് ഒരു ഷോര്‍ട്ട് കട്ടുണ്ടെന്നു ഒരു ഡ്രൈവര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ കുറുക്കു വഴി തന്നെ തിരഞ്ഞെടുത്തു.തികച്ചും തെയില തോട്ടങ്ങളിലൂടെയായിരുന്നു യാത്ര.ഒന്നരമണിക്കൂര്‍ തുടര്‍ച്ചയായ് യാത്ര ചെയ്ത് സൂചിപ്പാറയിലെത്തി.വണ്ടി പാര്‍ക്ക് ചെയ്ത് അവിടുന്ന് വീണ്ടും ഒരു കിലോമീറ്ററോളം താഴോട്ട് നടക്കണം. ആള്‍ക്കാരൊക്കെ ഒരുങ്ങിതന്നെയാണ് വന്നിരിക്കുന്നത്.ബര്‍മുടയിലും,തുവ്വാലയിലുമാണ് ഒട്ടുമിക്കവരും.ഞങ്ങള്‍ ഇറങ്ങാന്‍ പറ്റുന്ന ഒരു വെള്ളച്ചാട്ടമാണെന്ന് തീരെ പ്രതീക്ഷിച്ചില്ല.എന്തിരുന്നാലും പാന്റ് മടക്കി ഞങ്ങളും പങ്കാളികളായി.ഒരു മണിക്കൂറോളം അവിടെ ചിലവിട്ടതിനു ശേഷം ഞങ്ങള്‍ പൂക്കോട്ട് തടാകത്തിലേക്ക് തിരിച്ചു.

പണ്ട് സ്കൂളില്‍ നിന്നും പോയപ്പോഴുള്ള ഒരോര്‍മ്മ എവിടെയോ ഉണ്ട്. പോകുന്ന വഴിക്ക് ഒരു ഹോട്ടലില്‍ കയറി ലഞ്ച് കഴിച്ചു. 3 മണിയാകാറായപ്പോള്‍ പൂക്കോടെത്തി. എന്തോ ബോട്ടിങ് ചെയ്യാന്‍ തോന്നിയില്ല.സായാഹ്നം മനോഹരം എന്നൊന്നും പറയാന്‍ പറ്റില്ല.നല്ല തിരക്കുണ്ടായിരുന്നു.5 മണി ആയപ്പോള്‍ ഞങ്ങള്‍ നേരെ താമരശ്ശേരി ചുരത്തിലോട്ട് വിട്ടു.പപ്പു പറഞ്ഞറിഞ്ഞ വിവരം മാത്രമെ ഉള്ളൂ താമരശ്ശേരിയെപറ്റി.കണ്ടപ്പോള്‍ മനസിലായ് വെറുതെയല്ല എക്സികുട്ടീവ് എഞ്ചിനീയര്‍ പുറത്ത് തട്ടിപ്പറഞ്ഞത് സുലൈമാനല്ല ഹനുമാനാണെന്ന്,അപാരം തന്നെ :) .എന്തായാലും താമരശ്ശേരി ഒരു കൊച്ച് അദ്ഭുതം തന്നെയാണ്. റോഡ് സൈഡില്‍ നിന്നും ഓരോ ചായ കുടിച്ച് ഹോട്ടലിലേക്ക് പുറപ്പെട്ടു.

ബൈക്കിന്റെ ചെയിന്‍ സ്പ്രോക്കറ്റ് മാറ്റാനായി അടുത്തു കണ്ട ബജാജ് ഷോറൂമില്‍ കയറി. അരമണിക്കൂര്‍ കൊണ്ട് സംഭവം ശെരിയായ്. നല്ലം ക്ഷീണമുണ്ടായിരുന്നതിനാല്‍ 10 മണിയോടെ ഞങ്ങള്‍ കിടന്നു.
അടുത്ത ദിവസം കുറുവാ ദ്വീപിലേക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ബാംഗ്ലൂരിലെത്താന്‍ വൈകുമെന്നതിനാല്‍ ഞങ്ങള്‍ കുറവാ ദ്വീപ് വേണ്ടാന്നു വച്ചു.തിരിച്ച് ഞങ്ങള്‍ ബാംഗ്ലൂരിലേക്ക് രാവിലെ 11 മണിക്ക് പുറപ്പെട്ടു. അതൊരു വിഢിത്തമായിരുന്നു കാരണം പൊരിവെയിലില്‍ മൈസൂര്‍ റോഡ് വഴിയുള്ള യാത്ര അസഹനീയമായിരുന്നു.ബാംഗ്ലൂര്‍ എത്തുന്നതിനു മുന്‍പെ 5 തവണയെങ്കിലും നിര്‍ത്തി.വൈകുന്നേരം 6 മണിയായപ്പോള്‍ റൂമിലെത്തി.
ഫോട്ടോ കടപ്പാട്: ബെല്‍സ് (എന്റെ റൈഡിങ് പാര്‍ട്ട്ണര്‍+യാത്രാ ഉപദേഷ്ടാവ്)

Wednesday, November 3, 2010

ബാംഗ്ലൂരില്‍ നിന്നും വയനാട് വരെ(1)



ഒന്നാം ദിവസം:1/1/2010
ടോട്ടല്‍ കിമി : 668കിമി


ബാംഗ്ലൂരില്‍ നിന്നും വയനാടിലേക്ക് യാത്ര പോകാം എന്ന തീരുമാനം തികച്ചും അപ്രതീക്ഷിതമായിരുന്നു.മൂന്നു ദിവസം ഒരുമിച്ച് ലീവ് കിട്ടിയപ്പോള്‍ തീരുമാനിച്ചു ഇത്തവണ നാട്ടില്‍ പോയ് ടിവി റിമോട്ടിനെ ഞെക്കി കൊന്ന് ലീവ് കളയണ്ട എന്ന്.സഹമുറിയന്‍ മണിയനോട് യാത്രയെ പറ്റിപ്പറഞ്ഞപ്പോള്‍ ഇരട്ടി സമ്മതം.ഗൂഗ്ഗിള്‍ ഭഗവാനോട് ചോദിച്ച് ബാംഗ്ലൂരില്‍ നിന്നും 400KM താഴെ യാത്ര ചെയ്യാന്‍ പറ്റിയ സ്ഥലങ്ങളുടെ കണക്കെടുത്തു.വയനാട്,ഊട്ടി,ചിക് മഗലൂര്‍,മൈസൂര്‍,ഹൊഗെനെക്കല്‍ അങ്ങനെ പല അഭിപ്രായ പ്രകടനങ്ങള്‍ ഗൂഗിളില്‍ നിന്നും ലഭിച്ചു.അങ്ങനെ വയനാട് തീരുമാനിച്ചു.

ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ റോഡിന്റെ ഏകദേശ രൂപം കിട്ടി.അങ്ങനെ 2010 ജനുവരി ഒന്നാം തിയ്യതി പുലര്‍ച്ചെ 2am മാര്‍ത്തഹള്ളി(ബാംഗ്ലൂര്‍) ല്‍ നിന്നും ഇന്നര്‍ റിങ് റോഡ് വഴി സില്‍ക്ക് ബോര്‍ഡ് ജംഗ്ഷനും കഴിഞ്ഞു മൈസൂര്‍ റോഡില്‍ എത്തി,പുതുവര്‍ഷമായതിനാല്‍ മനുഷ്യപാമ്പുകളെ റോഡില്‍ പ്രതീക്ഷിച്ച് അല്പം സൂക്ഷിച്ചായിരുന്നു യാത്ര.എന്താ‍യാലും അപകടങ്ങള്‍ ഒന്നും ഉണ്ടായില്ല.ആദ്യത്തെ 100km ബൈക്കിനും ഞങ്ങള്‍ക്കും റെസ്റ്റ് വേണമെന്ന് തോന്നി.അടുത്തു കണ്ട ചായ കടയില്‍ നിന്നും ചായയും ബിസ്കറ്റും കഴിച്ചു.10മിനുറ്റ് ബ്രേക്കിനുശേഷം ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു.5:30am ആയപ്പോള്‍ മൈസൂര്‍ എത്തി,മൈസൂരില്‍ നിന്നും വീണ്ടും ഒരു മണിക്കൂര്‍ യാത്ര ചെയ്തപ്പോള്‍ നഞ്ചന്‍ഗുണ്ടയില്‍ എത്തി.കുഴപ്പമില്ല എന്നു തോന്നിയ ഒരു ഹോട്ടലില്‍ കയറി പൂരിയും,കാപ്പിയും കഴിച്ചു.

30മിനുട്ടിനു ശേഷം ഞങ്ങള്‍ വീണ്ടും യാത്ര തുടര്‍ന്നു.വീണ്ടും ഒരു മണിക്കൂര്‍ യാത്രചെയ്തപ്പോള്‍ ഗുണ്ടല്പേട്ടെത്തി. കുറച്ച് ദൂരം മുന്നോട്ട് പോയാല്‍ ഊട്ടിയിലേക്കും വയനാടിലേക്കുമുള്ള രണ്ട് വഴികള്‍ കാണാം,അവിടെ സൈന്‍ ബോര്‍ഡുകള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല.ഞങ്ങള്‍ നേരെ ഊട്ടി റോഡ് കയറി 6km യാത്ര ചെയ്തപ്പോള്‍ മറ്റൊരു യാത്രക്കാരനെ കണ്ടുമുട്ടി.അയാളില്‍ നിന്നും അറിഞ്ഞു 6കി.മി പുറകിലോട്ട് പോയാല്‍ വയനാട് റോഡില്‍ കയറാമെന്ന്.അങ്ങനെ വീണ്ടും തിരിച്ച് വയനാട് റോഡില്‍ കയറി.ഒരു ചെറീയ ഗ്രാമം കടന്ന് ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തില്‍ കടന്നു.7 മണി കഴിഞ്ഞതുകൊണ്ടാണെന്നു തൊന്നുന്നു രാത്രിയില്‍ റോഡില്‍ വിഹരിച്ചിരുന്ന ആനകളുടെ പിണ്ടങ്ങള്‍ മാത്രമെ കാണാന്‍ കഴിഞ്ഞുള്ളൂ(6am സമയത്ത് ബന്ദിപ്പൂരിനകത്ത് കടക്കുകയാണേല്‍ വന്യജീവികളെ കാണാന്‍ പറ്റുന്നതാണ്,മറ്റൊരു ഊട്ടിയാത്രയില്‍ അനുഭവമുണ്ട്),ഞങ്ങളെ സമാധാനിപ്പിക്കാന്‍ എന്ന നിലയില്‍ ഒരു മാന്‍ കുടുംബം റോഡരികില്‍ നിന്നും ഒളിച്ചും പാത്തും കളിക്കുന്നുണ്ടായിരുന്നു.കുറച്ച് കുഴികള്‍ ഒഴിച്ചാല്‍ റോഡ് തികച്ചും മനോഹരമായിരുന്നു.ചില കേരളാ ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ കാണാന്‍ തുടങ്ങി.വണ്ടി നിര്‍ത്തി കുറച്ച് ഫോട്ടോസ് എടുത്തു.




2മണിക്കൂര്‍ യാത്രയ്ക്ക് ശേഷം കേരളാ ബോര്‍ഡറില്‍ എത്തി.രാത്രിയില്‍ ചെറീയ മഴയുണ്ടായിരിക്കണം,അല്ലേല്‍ മഞ്ഞുമായിരിക്കാം തണുത്തകാറ്റും വനത്തെ കൂടുതല്‍ സുന്ദരിയാക്കിയിരിക്കുന്നു.മനുഷ്യന്‍ അവളെ എത്രയൊക്കെ നശിപ്പിച്ചാലും അവള്‍ വീണ്ടും കന്യകയായ് ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു.മുത്തങ്ങ എത്തിയപ്പോള്‍ പഴയ മുഖ്യന്‍ ആന്റണിയെ ഓര്‍മ്മ വന്നു.വീണ്ടും യാത്രചെയ്ത് വയനാട് ടൌണില്‍ എത്തി.ന്യൂയര്‍ ആയതു കാരണം ഹോട്ടലുകള്‍ എല്ലാം ഫുള്‍ ആണ്.(ന്യൂയറിന് വയനാട്ടില്‍ എന്താ പ്രത്യേകത എന്നു മനസിലായില്ല). 10am ആയപ്പോള്‍ ഒരു മുറി തരപ്പെട്ടു.ഞങ്ങള്‍ ബാച്ചികള്‍ക്ക് ആ മുറി ധാരാളം.

ഹോട്ടലിലെ വിശ്രമത്തിനു ശേഷം ഭക്ഷണവും കഴിച്ച് ഞങ്ങള്‍ ഇടയ്ക്കല്‍ ഗുഹകാണാന്‍ ഇറങ്ങി. ഹോട്ടല്‍ റിസപ്ക്ഷനിസ്റ്റിനോട് ചോദിച്ച് വഴി മനസിലാക്കി.5 മണിയാ‍യപ്പോള്‍ ഇടയ്ക്കലിലെത്തി.അവിടുന്നു ജീപ്പ് വഴി മുകളിലെത്തി. ജീപ്പ് ഡ്രൈവര്‍മാരുടെ പ്രകടനം കണ്ണ് തള്ളും.മുകളില്‍ എത്തിയപ്പോള്‍ അറിയാന്‍ കഴിഞ്ഞു പെട്ടെന്ന് താഴോട്ട് ഇറങ്ങണം അരമണിക്കൂര്‍ സമയം അനുവദിച്ചു.ആദിമമനുഷ്യര്‍ പലതും എഴുതി വച്ചിട്ടൂണ്ടവിടെ(ചരിത്രം എനിക്കറിയില്ല,ചോദിക്കാം എന്നു വച്ചാല്‍ സമയം കഴിഞ്ഞതിനാല്‍ ഗൈഡുമില്ല,അതുകൊണ്ട് വിക്കിയോട് ചോദിക്കുക). പുരാതനമനുഷ്യരുടെ ബ്ലോഗോ അല്ലേല്‍,ക്ലാസ് മുറിയോ മറ്റൊമാകാമത്.


അരമണിക്കൂര്‍ ആയപ്പോള്‍ ഞങ്ങള്‍ താഴോട്ടിറങ്ങി.കാലിനു നല്ല വേദനയുണ്ട്.കുറേ നാളുകള്‍ക്ക് ശേഷം തടിയനങ്ങിയതിന്റെ പ്രതിഷേധമാണത്.ഇടയ്ക്കലിന്റെ ഓര്‍മ്മയ്ക്കായ് ഇടയ്ക്കല്‍ ഗുഹയുടെ ചിത്രം പ്രിന്റ് ചെയ്ത ഒരു ബനിയന്‍ വാങ്ങിച്ചു.ബൈക്കെടുത്ത് വീണ്ടും വയനാട് ടൌണിലേക്ക് തിരിച്ചു.അപ്പോഴാണ് ബൈക്ക് പ്രതിഷേധവുമായ് വന്നത്.ചെയ്ന്‍ ലൂസായത് കാരണം വല്ലാത്ത ശബ്ദം വരുന്നു.അടുത്ത് കണ്ട വര്‍ക് ഷോപ്പില്‍ കയറി ചെയിന്‍ മുറുക്കി.ചെയിന്‍ സ്പ്രോക്കെറ്റ് വല്ലാതെ തേഞ്ഞിരിക്കുന്നു മാറ്റണം എന്ന തളര്‍ത്തുന്ന ഉപദേശവും കിട്ടി.തിരിച്ച് റൂമില്‍ എത്തി.അത്താഴം ഒരു തട്ടുകടയിലെ പുട്ടും,ബീഫിലും ഒതുക്കി.അടുത്തു കണ്ട സിനിമാ തിയ്യറ്ററിലോട്ട് വിട്ടു.ഇവിടം സ്വര്‍ഗ്ഗമാണ് എന്ന ലാലേട്ടന്‍ പടമാണ് കളിക്കുന്നത്.35 രൂപ ടിക്കറ്റ്,ബാംഗ്ലൂര്‍ ഇന്നവേറ്റീവ് മള്‍ട്ടിപ്ലക്സാണേല്‍ പൊട്ടിയേനെ രൂപ 100.എന്തായാലും നല്ല തിയ്യറ്റര്‍.കുറച്ച് സ്കൂളില്‍ നിന്നും വയനാട്ടിലേക്ക് ടൂറിനു വന്ന കുട്ടികള്‍ ഉണ്ടായിരുന്നു.പടം കഴിഞ്ഞ് റൂമിലെത്തി ഞങ്ങള്‍ കിടന്നപ്പോള്‍ സമയം 12 കഴിഞ്ഞിരുന്നു.
(തുടരും)
 
Free Flash TemplatesRiad In FezFree joomla templatesAgence Web MarocMusic Videos OnlineFree Website templateswww.seodesign.usFree Wordpress Themeswww.freethemes4all.comFree Blog TemplatesLast NewsFree CMS TemplatesFree CSS TemplatesSoccer Videos OnlineFree Wordpress ThemesFree CSS Templates Dreamweaver